അക്ഷര ഭൂപടം
അരികു മുറിഞ്ഞ് ചോര കിനിയുന്ന അക്ഷരങ്ങൾക്ക് , കണ്ണുനീർ വാർത്തു പുതച്ചു കിടക്കാനായിരുന്നു കടലാസു തിരഞ്ഞത്.. നിലാവു മറന്നു കറുത്ത രാവായിരുന്നു.. മഴക്കു മുന്നോടിയെന്നോതി ആഞ്ഞടിച്ച തണുത്തകാറ്റ് , ഈറനണിയിച്ചതാവണം.. അക്ഷരമഷി പടർന്നു പരന്ന് കടലാസിൽ ഒരു ഭൂപടം തീർത്തു.. കണ്ണീർക്കടലുകളും ,നീലിച്ച കരകളുമുള്ള ആരും യാത്രക്കെടുക്കാത്ത പുതിയ ഭൂപടം.. രാവിലെ..,അടക്കാൻ മറന്ന ജനൽപ്പാളിയിലൂടെ കടലാസു ഭൂപടത്തിലേക്ക് ഒളിനോട്ടമെറിഞ്ഞ കിളികൾ തമ്മിൽ പറഞ്ഞു. ഇതിൽ കരകളിൽ നിന്ന് കടലിലേക്കുനീളുന്ന നീർച്ചാലുകളായിരിക്കണം നാം പാടാൻ മറന്ന ഓരോ കദനവും..